സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍; കടുത്ത ശിക്ഷ ഉറപ്പാക്കി കൊണ്ടുള്ള പുതിയ മുന്നറിയിപ്പുമായി യുഎഇ

0
270

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ കമന്റുകള്‍ ഇടുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. അധിക്ഷേപകരമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കുമെന്നാണ് പുതിയ അറിയിപ്പില്‍ പറയുന്നത്.

250,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയായി ഈടാക്കും. 2020ലെ അഞ്ചാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം ടെലികോം നെറ്റ്‍‍വര്‍ക്കുകള്‍, ഏതെങ്കിലും തരത്തിലുള്ള ഐടി സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ സൈബര്‍ ക്രൈമാണെന്ന് വ്യക്തമാക്കുന്നു. പ്രോസിക്യൂട്ടര്‍മാരുടെ കണക്ക് പ്രകാരം സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതായി അബുദാബി പൊലീസ് 2019ല്‍ അറിയിച്ചിരുന്നു.

2018ല്‍ 357 ആയിരുന്ന സോഷ്യല്‍ മീഡിയ നിയമലംഘനങ്ങള്‍ 2019ലെത്തിയപ്പോഴേക്കും 512 ആയി ഉയര്‍ന്നു. ഓണ്‍ലൈന്‍ വഴിയുള്ള ശല്യം ചെയ്യല്‍, തട്ടിപ്പ്, ഭീഷണി, തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്, വ്യാജ പരസ്യങ്ങള്‍, അഭ്യൂഹങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നത്, മറ്റുള്ളവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് എന്നിവ പ്രധാനപ്പെട്ട സാമൂഹിക മാധ്യമ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here