തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.
സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ ആശയക്കുഴപ്പമുള്ളതായി ആക്ഷേപമുയര്‍ന്നിരുന്നു. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ടായിരുന്നത്.
പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാല്‍ ഒക്ടോബര്‍ 30 വരെ അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. പൊതുഗതാഗതം പൂര്‍ണ സജ്ജമാകുകയും സര്‍ക്കാര്‍ ഓഫീസുകള്‍ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവ് പ്രായോഗികമാണോ എന്ന സംശയമായിരുന്നു പലരും ഉന്നയിച്ചിരുന്നത്.