സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല

0
264

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ.

ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കൺടെയ്ൻമെന്റ്  സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല.

മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. 

പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും. 

കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍ ആകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here