സംസ്ഥാനത്ത് ഇന്ന് 7871 കൊവിഡ് കേസുകള്‍; 4981 പേർക്ക് രോഗമുക്തി, 25 മരണങ്ങള്‍

0
210

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 4981 പേർ രോഗമുക്തി നേടി. 25 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 87738 പേരാണ്. വ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കിടെ വ്യാപനം വർധിച്ചിട്ട് പോലും ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കണക്കുകൾ നോക്കിയാൽ കേരളം കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടിയും വെറുതെയായില്ലെന്ന് മനസിലാവും. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജാഗ്രതക്കുറവുണ്ടായാൽ രോഗികളുടെ എണ്ണം ദിവസവും വർധിക്കും. എല്ലാ ജില്ലകളിലും ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി ശക്തമാക്കും. മാർക്കറ്റ്, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് കർശനമായി ഉറപ്പാക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ താഴെ നിർത്താൻ ശക്തമായ നടപടി എല്ലാ ജില്ലയിലും സ്വീകരിക്കും. ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും കൊവിഡ് വന്നാൽ ചികിത്സയ്ക്കുള്ള സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കാൻ നിർദ്ദേശം നൽകി.എറണാകുളം ജില്ലയിൽ കേസുകൾ കൂടിയ സാഹചര്യത്തിൽ രോഗലക്ഷണം അനുഭവപ്പെടുമ്പോൾ തന്നെ ആളുകൾക്ക് ബന്ധപ്പെടാൻ തദ്ദേശ സ്ഥാപനങ്ങളിൽ അതിന് വേണ്ടി മാത്രം ഫോൺ സൗകര്യം ഏർപ്പാടാക്കി.

സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ആഗസ്റ്റിൽ ഐസിഎംആർ നടത്തിയ സർവേ പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്ക് കൊവിഡ് വന്ന് പോയതായി കണ്ടെത്തി. ദേശീയ തലത്തിൽ നടത്തിയ അതേപഠനത്തില്‍ 6.6 ശതമാനം പേർക്ക് രോഗം വന്ന് പോയെന്ന് കണ്ടെത്തി.

ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയോളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഈ വ്യത്യാസം പ്രധാനമാണ്. വയോധികർ കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവുമധികം പ്രവാസികൾ വന്ന സ്ഥലവും നഗര-ഗ്രാമ ഭേദം കുറവുള്ള സംസ്ഥാനവും കേരളമാണ്. ഇതെല്ലാം കൊവിഡിന് അനുകൂല ഘടകങ്ങളാണ്. എന്നിട്ടും ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ നിരക്കിൽ പിടിച്ച് നിർത്താൻ ഇതേവരെ സാധിച്ചു. ഇത് പഠനത്തിൽ വ്യക്തമാണ്.

എല്ലാവർക്കും രോഗം വരുമെന്ന നിലയിൽ പ്രചരിപ്പിക്കുന്ന ധാരണ തെറ്റാണെന്ന് പഠനം തെളിയിക്കുന്നു. 0.8 ശതമാനം പേരിൽ മാത്രമാണ് രോഗം വന്ന് പോയത്. ആരോഗ്യ-പ്രതിരോധ സംവിധാനങ്ങളുടെ മികവ് കൂടി പഠനം ചൂണ്ടിക്കാണിക്കുന്നു. ഒരു കേസിന് ആനുപാതികമായി 10 എണ്ണമാണ് കണ്ടെത്താതെ പോകുന്ന കേസുകൾ. ദേശീയ തലത്തിൽ അത് നൂറിന് മുകളിലാണ്.

സെപ്റ്റംബറിലെ വ്യാപന വർധന, സാമൂഹിക ജാഗ്രതയിൽ വന്ന കുറവ് മൂലമെന്ന് സർവേയിൽ നിന്ന് മനസിലാക്കാം. ബ്രേക് ദി ചെയിൻ ക്യാമ്പയിൻ ശക്തമാക്കണം. ഗുണഫലം അനുഭവിച്ച സമൂഹമാണ് നമ്മുടേത്. തിരുവനന്തപുരത്ത് ബാങ്കുകളിൽ പൊതുജനം കൂട്ടം കൂടുന്നു. സ്ഥാപനങ്ങൾ അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കങ്ങൾ പ്രകാരവും ടോക്കൺ സമ്പ്രദായം പ്രകാരവും ഇടപാടുകാരെ നിയന്ത്രിക്കണം.

സൂപ്പർമാർക്കറ്റുകളിലും വസ്ത്ര വ്യാപാര ശാലകളിലും കൊവിഡ് മാനദണ്ഡം പാലിക്കുന്നതായി കാണുന്നില്ല. കയ്യുറയും സുരക്ഷാ സംവിധാനവും ഇല്ലാതെ സാധനങ്ങൾ കയ്യിലെടുത്ത് നോക്കുന്നു. അപകട സാധ്യത വർധിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലത്ത് അഞ്ചിലധികം പേർ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ശരിയായ അർത്ഥത്തിൽ സമൂഹിക അകലം പാലിക്കാനാവുന്ന രീതിയിൽ വിസ്തീർണ്ണമുള്ള കടകളിൽ അഞ്ചിലേറെ പേരെ പ്രവേശിപ്പിക്കാം. മറ്റിടങ്ങളിൽ നിയന്ത്രണം വേണം.

വാഹനത്തിൽ അഞ്ചിലേറെ പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം പരമാവധി പാലിക്കണം.ആരാധനാലയങ്ങളിൽ 20 പേർക്കാണ് പ്രവേശനം. ചെറിയ ആരാധനാലയങ്ങളിൽ എണ്ണം കുറയ്ക്കണം. പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അത്യാവശ്യമല്ലാത്ത കാര്യങ്ങളിൽ പുറത്തിറങ്ങരുത്. കെട്ടിടം, റോഡ് നിർമ്മാണം തുടങ്ങിയ ജോലികൾക്ക് അത്യാവശ്യം ജീവനക്കാർ മാത്രമേ പാടുള്ളൂ.

ഒക്ടോബർ രണ്ടിന് മുൻപ് തീയതി തീരുമാനിച്ച് പരീക്ഷകൾ നടത്താം. കുട്ടികൾക്ക് പരീക്ഷയ്ക്കായി യാത്ര ചെയ്യാം. ഒപ്പമെത്തുന്നവർക്ക് പരീക്ഷാ കേന്ദ്രത്തിന് അടുത്ത് നിൽക്കാൻ അനുവാദം ഇല്ല. ഫാക്ടറികളും മറ്റ് നിർമ്മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കരുത്. സ്വകാര്യ ക്ലിനിക്കുകൾക്ക് തുറന്ന് പ്രവർത്തിക്കാം. പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് വൈറസ് ബാധ തടയുന്നതിന് സർക്കാരിനെ പിന്തുണയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here