കോഴിക്കോട്: (www.mediavisionnews.in) പെൺവിവാഹപ്രായം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ട് കിട്ടിയാലുടൻ പ്രഖ്യാപനമുണ്ടാകുമെന്ന വാർത്തക്കിടെ പ്രതിഷേധവുമായി വനിതാ ലീഗ്. ഇന്ത്യയിൽ നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.നൂർബിനാ റഷീദ്ചോദിക്കുന്നു. പ്രതിഷേധമറിയിച്ച് വനിതാലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ് ചോദ്യം. സ്ത്രീയെ പുറകോട്ട് വലിക്കാനുള്ള നടപടിയാണിതെന്നും നൂർബിന പറയുന്നു. ഇന്ത്യയിൽ പകുതിയിലധികം സ്ത്രീകളാണ്. ആരോടും ചർച്ച ചെയ്യാതെ, ജനപ്രതിനിധികളോട് ചർച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് ശരിയല്ല.
അമേരിക്ക ഉൾപ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്്. അതിനും താഴെ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ ജുഡീഷ്യൽ ഓതറൈസേഷൻ വാങ്ങി വിവാഹം ചെയ്യാം. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന തീരുമാനമാണ് വേണ്ടത്. അവകാശ നിഷേധവും ധാർമികാടിത്തറ ഇല്ലാതാക്കുന്നതുമാകും അത്തരത്തിലൊരു തീരുമാനം. പെൺകുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകി ‘ലിവിംഗ് റിലേഷൻസ്’ കൂട്ടാനേ ഇതുപകരിക്കൂവെന്നും നൂർബിനാ റഷീദ് പറയുന്നു.