‘വികസന വിരോധികൾ’, ഹഥ്‌റാസിലെത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് യോഗി; പൊങ്കാലയിട്ട് മലയാളികൾ

0
378

ലഖ്‌നൗ: പ്രതിപക്ഷ പാർട്ടികൾ ഹഥ്രാസിലേക്ക് എത്തുന്നതിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ചന്ദ്രശേഖർ ആസാദും സിപിഎം നേതാക്കളുമടക്കം കനത്ത എതിർപ്പിനെ വകവെച്ച് ഹഥ്രാസിലെത്തിയിരുന്നു. ഇതിനെ വിമർശിച്ചാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്. വികസനം ഇഷ്ടപ്പെടാത്തവർ വംശീയവും സാമുദായികവുമായ കലാപങ്ങൾക്ക് പ്രേരണ നൽകുമെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്.

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടും നീതി നിഷേധിക്കുന്ന പോലീസും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന അധികാരികളുമൊക്കെ വെളിപ്പെട്ടിട്ടും പ്രതികരിക്കാത്ത യോഗി പ്രതിപക്ഷ സന്ദർശനത്തിൽ രൂക്ഷ വിമർശനമാണ് നടത്തിയത്.

‘വികസനം ഇഷ്ടപ്പെടാത്തവർ വംശീയവും സാമുദായികവുമായ കലാപങ്ങൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കും. ഈ കലാപങ്ങളുടെ മറവിൽ അവർക്ക് രാഷ്ട്രീയ അപ്പം ചുട്ടെടുക്കാൻ അവസരം ലഭിക്കും, അതിനാൽ അവർ പുതിയ ഗൂഢാലോചനകൾ നടത്തും. ഈ ഗൂഢാലോചനകളെക്കുറിച്ച് പൂർണ്ണമായും ജാഗ്രത പുലർത്തിക്കൊണ്ട് വികസനവുമായി നമുക്ക് മുന്നോട്ടു പോവേണ്ടതുണ്ട്- അദ്ദേഹം ട്വീറ്റ് ചെയ്തു.

പെൺകുട്ടിയുടെ മൃതദേഹം പോലും വീട്ടുകാർക്ക് വിട്ടുകൊടുക്കാതെ ദഹിപ്പിച്ച സംഭവത്തിൽ യോഗി സർക്കാരിനെതിരേയും യുപി പോലീസിനെതിരേയും വലിയ ജനരോഷമാണ് ഉയരുന്നത്. ഈ വിഷയത്തിൽ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രതികരണം.

അതേസമയം, യോഗിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ കടുത്ത വിമർശനം നടത്തുകയാണ്. യോഗിയുടെ പാർട്ടിയും അവരുടെ ജാതീയ ഭരണവുമാണ് ഹഥ്രാസ് സംഭവത്തിനും നീതി നിഷേധത്തിനും പിന്നിലെന്നും യോഗി രാജി വെയ്ക്കണമെന്നും മലയാളികൾ കമന്റുകളിൽ ആവശ്യപ്പെടുന്നു. ഹഥ്രാസ് കേസ് സിബിഐക്ക് വിടുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് കമന്റുകൾ. പോസ്റ്റിന് താഴെ കടുത്ത വിമർശനവും ആക്ഷേപവും മലയാളത്തിലും ഇംഗ്ലീഷിലും നിറയുകയാണ്. ചിലർ ഹിന്ദിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തും യോഗിയെ തെറി വിളിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ, സംവാദത്തിലൂടെ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാവുന്നതാണെന്നും മറ്റൊരു ട്വീറ്റിൽ യോഗി കുറിച്ചു. സ്ത്രീകളുമായും കുട്ടികളുമായും ദളിത് ആദിവാസികളുമായും ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന പോലീസ് കുറച്ചു കൂടി സംവേദന ക്ഷമതയോടെയും പ്രത്യേക താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here