2021 ജനുവരി 1 മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു. ഫാസ്‍ടാഗ് ഉറപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31-നുമുന്‍പ് സമ്പൂര്‍ണ ഫാസ്‍ടാഗ് ഉറപ്പാക്കണമെന്ന് ടോള്‍ പ്ലാസകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന നാല് ചക്രവാഹനങ്ങളില്‍ ഫാസ്‍ടാഗുകള്‍ ഘടിപ്പിക്കുന്നത് നേരത്തെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. 2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂണ്‍ മാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്‍ടാഗ് നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ ഇത് നീട്ടിവയ്ക്കുകയായിരുന്നു.
അതേസമയം 2017 ഡിസംബര്‍ 1 -ന് മുമ്പ് വിറ്റ പഴയ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ മൂന്നാം കക്ഷി വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി സൂചനകളുണ്ട്. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനും നീക്കമുണ്ട്.
പുതിയ നിയമങ്ങള്‍ 2021 -ല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഉത്തരവ് നടപ്പാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഓടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ ഭേദഗതി ചെയ്‍ത ശേഷം, ഫാസ്ടാഗ് ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ചലാന്‍ അടയ്‌ക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.