ലോക്ഡൗണിലെ ഓൺലൈൻ റമ്മി കളിയിൽ നഷ്ടമായത് 30 ലക്ഷം രൂപ: ചൂതാട്ടം നിരോധിക്കണമെന്ന കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

0
309

പുതുച്ചേരി: ലോക് ഡൗൺ കാലക്കെ വിരസത മാറ്റാൻ ഓണ്‍ലൈനായി റമ്മി കളിച്ച് പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. പുതുച്ചേരി വിളിയന്നൂരിൽ മൊബൈൽ സിം കാര്‍ഡ് മൊത്ത വില്‍പനക്കാരനായ വിജയകുമാറാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. 30 ലക്ഷം രൂപയാണ് ഓൺ ലൈൻ ചൂതാട്ടത്തിലൂടെ വിജയകുമാറിന് നഷ്ടമായത്.

എല്ലാത്തിനും കാരണമായ ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ സർക്കാർ തയാറാകണമെന്നും ഭാര്യയ്ക്ക് അയച്ച അവസാന സന്ദേശത്തിൽ വിജയകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നേരമ്പോക്കിനു വേണ്ടിയാണ് വിജയകുമാർ റമ്മി കളി തുടങ്ങിയത്.

തുടക്കത്തില്‍ തന്നെ പണം കിട്ടിത്തുടങ്ങിയതോടെ കൂടുതൽ പണം ഇറക്കി കളി തുടർന്നെന്നും ലഹരിമരുന്നു പോലെ താൻ റമ്മി കളിക്ക് അടിമയായെന്നും വിജയകുമാര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കളി കാര്യമായതോടെ ബിസിനസിലൂടെ സമ്പാദിച്ച ലക്ഷങ്ങൾ റമ്മി കളിയിലൂടെ നഷ്ടമായി.

പോയ പണം തിരിച്ചു പിടിക്കാൻ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി വീണ്ടും കളിച്ചു. ഇത്തരത്തിൽ 30 ലക്ഷം രൂപയാണ് വിജയകുമാറിന് നഷ്ടമായത്. കടം നല്‍കിയവര്‍ വീട്ടിലെത്തിത്തുടങ്ങിയതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച രാത്രി പുതുകുപ്പം റോഡിലെ തടാകത്തിനു സമീപം തലയില്‍കൂടി പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.

ബൈക്കും ഫോണുകളും കടബാധ്യതയുടെ വിവരങ്ങളും ഭാര്യ മധുമിതയ്ക്കു വാട്സാപ് സന്ദേശമായി അയച്ചതിനു ശേഷമായിരുന്നു ആത്മഹത്യ. എല്ലാത്തിനും കാരണമായ ഓണ്‍ലൈന്‍ റമ്മികള്‍ നിരോധിക്കാന്‍ സർക്കാരിനോടു ആവശ്യപെടുന്ന സന്ദേശത്തിൽ ഭാര്യയോട് മാപ്പു ചോദിക്കുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ റോഡിലൂടെ പോയവരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പുതുച്ചേരി മംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജീവനൊടുക്കിയത്. ലോക്ഡൗൺ കാരണം വീട്ടിലിരിക്കുന്ന സമയത്തു തുടങ്ങിയ കളിയാണ് എട്ടുമാസത്തിനുള്ളില്‍ യുവാവിന്റെ ജീവനെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here