രാഹുലിനു പിന്നാലെ തൃണമൂൽ എംപിയേയും കയ്യേറ്റം ചെയ്ത് യുപി പൊലീസ്: വിഡിയോ

0
614

ന്യൂഡൽഹി∙ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടു സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയനെ യുപി പൊലീസ് കയ്യേറ്റം ചെയ്ത് നിലത്തേക്ക് തള്ളിയിട്ടു. ഒപ്പമുണ്ടായിരുന്ന വനിത എംപിമാര്‍ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തൃണമൂൽ എംപിമാരേയും കയ്യേറ്റം ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഡെറിക് ഒബ്രയനും തൃണമൂൽ എംപിമാരും ഹത്രസിലേക്ക് തിരിച്ചത്. പെൺകുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റർ അകലെ വച്ച് പൊലീസ് തടഞ്ഞു. ഡൽഹിയിൽ നിന്നാണ് സംഘം ഉത്തർപ്രദേശിലെ ഹത്രസിലെത്തിയത്. ഡോ.കകോലി ഘോഷ് ദസ്തിദർ, പ്രതിമ മണ്ഡൽ, മമത താക്കൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനും ദുഖത്തിൽ പങ്കുചേരാനും അവരെ ആശ്വസിപ്പിക്കാനുമാണ് യാത്രതിരിച്ചതെന്ന് തൃണമൂൽ പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ‘സമാധാനപരമായാണ് ഞങ്ങൾ യാത്ര ചെയ്തത്. എല്ലാ ചട്ടങ്ങളും പാലിച്ച് വെവ്വേറെയാണ് സഞ്ചരിച്ചത്. ഞങ്ങൾ ആയുധധാരികളായിരുന്നില്ല. പിന്നെ എന്തിനാണ് ഞങ്ങളെ തടഞ്ഞു വച്ചത്. തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ തടയുന്നത് എന്തു തരം കാട്ടുനീതിയാണെന്നും എംപിമാർ ചോദിച്ചു.

പെൺകുട്ടികളെ രക്ഷിക്കൂ ? പെൺകുട്ടികളെ കത്തിക്കൂ ? നാണക്കേട് എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുമായാണ് തൃണമൂൽ എംപിമാർ എത്തിയത്. പൊലീസിനെ അനുനയിപ്പിക്കാൻ എംപിമാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എംപിമാരെ പൊലീസ് സംഘം വളയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here