രവി പൂജാരിയുടെ അനുയായി മനീഷ് ഷെട്ടിയുടെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് വിക്കി ഷെട്ടി

0
169

മംഗളൂരു: (www.mediavisionnews.in) അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയും പബ് ഉടമയുമായ മനീഷ് ഷെട്ടിയെ (45) ബെംഗളൂരൂവിൽ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റൊരു അധോലോക കുറ്റവാളിയായ വിക്കി ഷെട്ടി. മംഗളൂരുവിലെ ഓൺലൈൻ വാർത്താ പോർട്ടൽ ഓഫീസിലേക്ക് വിളിച്ചാണ് കൊലപാതകത്തിന് പിന്നിൽ താനാണെന്ന് മംഗളൂരു സ്വദേശിയായ വിക്കി ഷെട്ടി വെളിപ്പെടുത്തിയത്.

ഉഡുപ്പി ഹിരിയഡ്ക്കയിൽ ഗുണ്ടാസംഘാംഗം കിഷൻ ഹെഗ്‌ഡെ കഴിഞ്ഞമാസം 24-ന് കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ പ്രതികാരമായാണ് മനീഷ് ഷെട്ടിയെ കൊന്നതെന്നാണ് വിക്കി ഷെട്ടി പറഞ്ഞത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മംഗളൂരു കോടിക്കരെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിഷൻ ഹെഗ്‌ഡെയെ കൊലപ്പെടുത്തിയതെന്നാണ് വിക്കിയുടെ വെളിപ്പെടുത്തൽ. കിഷനെ കൊല്ലാൻ മനോജിനെ സഹായിച്ചതിനാണ് മനീഷ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള ഫോൺസന്ദേശത്തിൽ വിക്കി പറഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരുവിൽ മനീഷ് ഷെട്ടി കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ മംഗളൂരുവിലെ ഗണേശ(30), അക്ഷയ് (32), കുടക് സോമവാർപേട്ട് സ്വദേശികളായ ശശികിരൺ (45), നിത്യ (29) എന്നിവരെ കഴിഞ്ഞദിവസം ബെംഗളൂരുവിൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here