ഹിസാർ(ഹരിയാന):മുപ്പത്തഞ്ചുകാരനായ ബിസിനസുകാരനെ തടഞ്ഞുനിറുത്തി 11ലക്ഷം രൂപ കൊളളയടിച്ചശേഷം കാറിനുളളിലിട്ട് ചുട്ടുകൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രാം മൊഹർ എന്ന യുവ വ്യവസായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ബർവാലയിൽ ഡിസ്‌പോസിബിൾ കപ്പുകളും പ്ലേറ്റുകളും നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് രാം മൊഹർ.ബാങ്കിൽ നിന്ന് 11 ലക്ഷം രൂപ പിൻവലിച്ച ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു സംഭവം. അക്രമികൾ കാർ വഴിയിൽ തടഞ്ഞശേഷം ഭീഷണിപ്പെടുത്തി പണം കൊളളയടിച്ചു. തുടർന്ന് രാം മൊഹറിനെ ഉളളിലാക്കി കാർ ലോക്കുചെയ്യുകയും തീയിടുകയുമായിരുന്നു.
വഴിപോക്കരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാറിന്റെ നമ്പർപ്ലേറ്റ് നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. രാം മൊഹർ പണം പിൻവലിച്ചത് വ്യക്തമായി അറിയാവുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.