യുവമോര്‍ച്ച നേതാവ് പാര്‍ട്ടിവിട്ടു; ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു

0
212

തിരുവനന്തപുരം: ജില്ലയില്‍ ബി.ജെ.പിയില്‍ നിന്ന് സി.പി.എമിലേക്ക് നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ സംഘപരിവാറിനെ അനുകൂലിച്ച്‌ ഫേസ്‌ബുക്കില്‍ സജീവമായിരുന്ന യുവമോര്‍ച്ച സംസ്ഥാന നേതാവും, ബി.ജെ.പി തിരുവനന്തപുരം മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ വലിയശാല പ്രവീണ്‍ ബി.ജെ.പി വിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പനില്‍ നിന്ന് പാര്‍ട്ടി പതാക ഏറ്റുവാങ്ങി പ്രവീണ്‍ സി.പി.എമ്മിലേക്ക് ചേക്കേറി.

ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന പ്രവീണിനെ പാര്‍ട്ടി ഭാരവാഹിത്വം നല്‍കി വേണ്ടവിധത്തില്‍ പരിഗണിക്കാത്തത് ആണ് പാര്‍ട്ടി മാറാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

ഒക്ടോബര്‍ 12 വരെ സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ ഇട്ടിരുന്ന പ്രവീണിന്റെ പെട്ടെന്നുള്ള പാര്‍ട്ടി വിടല്‍ ചര്‍ച്ചയായിരിക്കുകയാണ്. സംഘപരിവാര വര്‍ഗ്ഗീത നാടിന് ആപത്താണ് എന്നത് തിരിച്ചറിഞ്ഞു ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു മാനവികതയുടെ പക്ഷമായ സി.പി.എംലേക്ക് കടന്നു വന്ന പ്രവീണിന് അഭിനന്ദനങ്ങള്‍ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

തലസ്ഥാന ജില്ലയില്‍ ബി.ജെ.പി സമ്ബൂര്‍ണ്ണമായി തകരുകയാണ്. രാഷ്ട്രീയ വഞ്ചനയും, വര്‍ഗ്ഗീയതയും കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച്‌ നേട്ടം കൊയ്യാമെന്ന സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ സി.പി.എം നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന മതനിരപേക്ഷ സമൂഹത്തിന്റെ ചെറുത്ത് നില്പ് ഫലം കാണുന്നു എന്നതാണ് വസ്തുതയെന്നും ആ പാര്‍ട്ടിയിലെ അണികള്‍ക്കും നേതാക്കള്‍ക്കും പോലും ബോധ്യപെടാത്ത വിധം രാഷ്ട്രീയ ജീര്‍ണ്ണതയിലേക്ക് ബിജെപി കൂപ്പ് കുത്തിയിരിക്കുയാണെന്നും അനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആയി ചുമതല എടുത്ത ശേഷം പാര്‍ട്ടി വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് വലിയശാല പ്രവീണ്‍. ഇതിന് മുന്‍പ് യുവമോര്‍ച്ച നേതാവായിരുന്ന രാജാജി നഗര്‍ മഹേഷും സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്‌ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത് സ്റ്റന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി അംഗവുമായിരുന്ന സന്തോഷും പാര്‍ട്ടി വിട്ട് സി.പി.എമ്മിലേക്ക് പോയിരുന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി വിടുന്നവരുടെ എണ്ണം കൂടുന്നത് ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here