മോദി മന്ത്രിസഭയില്‍ ഇനി അവശേഷിക്കുന്നത് ഒരു സഖ്യകക്ഷി മാത്രം; തര്‍ക്കങ്ങള്‍ക്കൊടുവിലുള്ള പട്ടിക ഇങ്ങനെ

0
214

ന്യൂദല്‍ഹി: ലോക് ജനശക്തിപാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ മരണത്തോടെ കേന്ദ്ര മന്ത്രിസഭയില്‍ അവശേഷിക്കുന്നത് ഒരു സഖ്യകക്ഷി മാത്രം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്തേവാല മാത്രമാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇപ്പോള്‍ സഖ്യകക്ഷികളെ പ്രതിനീധികരിച്ച് മന്ത്രിയായുള്ളത്. സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സാമൂഹിക സുരക്ഷ മന്ത്രിയാണ് രാംദാസ് അത്തേവാല.

നേരത്തെ ബി.ജെ.പിയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കൊപ്പം നിന്ന ശിവസേന മുംബൈ നിയസഭ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സഖ്യം വിട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലെ ശിവേസന മന്ത്രിയായിരുന്ന അരവിന്ദ് സാവന്ത് രാജിവെക്കുകയായിരുന്നു. എന്‍.ഡി.എയുടെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യുവിനും കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിമാരില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുറമെ 57 മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതില്‍ 24 പേര്‍ ക്യാബിനറ്റ് മന്ത്രിമാരാണ്. അരവിന്ദ് സാവന്ത്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, എന്നിവരുടെ രാജിക്ക് ശേഷം ക്യാബിനറ്റ് പദവിയിലുള്ള 22 മന്ത്രിമാരായിരുന്നു ഉള്ളത്. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഇത് 21 ആയി.

റെയില്‍വേയുടെ ചുമതലയുള്ള സുരേഷ് അംഗാടിയുടെ മരണത്തോടെ സംസ്ഥാന ചുമതലയുള്ള മന്ത്രിമാരുടെ എണ്ണം 23 ആയിരുന്നു. ഭരണഘടന പ്രകാരം സഭയുടെ ആകെ ശക്തിയുടെ 15 ശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാരുണ്ടാകാന്‍ പാടില്ല. 543 അംഗ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് 80 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here