ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നതിന് പിന്നാലെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി.
ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കുകളെ മറികടന്ന് ആയിരക്കണക്കിന് ഡിസ്‌ലൈക്ക് വന്നത്.
ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തതിന് പിന്നാലെ കമന്റ് സെക്ഷനില്‍ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയത്. എന്തിനാണ് ഡിസ് ലൈക്ക് ബട്ടണ്‍ ഓഫാക്കിയതെന്നും, അഭിപ്രായ സ്വാതന്ത്ര്യം എവിടെപ്പോയെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കീഴില്‍ വരുന്നത്.
ലൈക്ക്, ഡിസ്‌ലൈക്ക് ബട്ടണുകള്‍ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നും നിരവധി പേര്‍ പറയുന്നുണ്ട്. ഡിസ്‌ലൈക്ക് ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് ഒരാള്‍ പരിഹാസ രൂപേനെ കമന്റ് ചെയ്തിരിക്കുന്നത്. കമന്റെന്നാണ് ഓഫാക്കുക എന്ന ചോദ്യവും ആളുകള്‍ ഉന്നയിക്കുന്നുണ്ട്.
ചൊവ്വാഴ്ച്ച രാവിലെയാണ് രാജ്യത്തെ വൈകിട്ട് ആറുമണിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന വിവരം മോദി അറിയിച്ചത്. തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നായിരുന്നു മോദി പറഞ്ഞത്.
സന്ദേശമെന്താണ് എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പങ്കുവെക്കാത്തതിനെ തുടര്‍ന്ന് എന്താണ് മോദിയ്ക്ക് പറയാനുണ്ടാകുക എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
കൊവിഡ് ആഘോഷവേളകള്‍ക്കിടയില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും കരുതലോടെ പെരുമാറണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
‘പലരും കൊവിഡ് ഭീതി മാറിയെന്ന മട്ടിലാണ് പെരുമാറുന്നത്. എന്നാല്‍ വാക്സിന്‍ വരുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചില്ലെന്ന് മനസിലാക്കണം. എല്ലാ രാജ്യങ്ങളും വാക്സിനായുള്ള പോരാട്ടം തുടരുകയാണ്. നമ്മുടെ രാജ്യവും അതിനുള്ള ശ്രമം നടത്തുന്നുണ്ട്”. മോദി പറഞ്ഞു.