ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിങ് യാദവല്ല മരിച്ചത്. മരിച്ചത് സമാജ്‌വാദി പാര്‍ട്ടിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവായ മുലായം സിങ് യാദവാണ്. 92 വയസായിരുന്നു അദ്ദേഹത്തിന്.
സ്വന്തമായി ഒരു വീട് പോലും നിര്‍മ്മിക്കാതെ, സ്വന്തം നാടിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.
സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനാണ് അഖിലേഷ് യാദവിന്റെ അച്ഛനായ മുലായം സിങ് യാദവ്. മുലായം സിങ് യാദവെന്ന പേരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവാണ് മരിച്ചതെന്ന് വ്യാപകമായി തെറ്റിധരിക്കാന്‍ കാരണമായത്. ദേശീയ മാധ്യമങ്ങളടക്കം ഒറയ്യയില്‍ നിന്നുള്ള മുലായം സിങ് യാദവിന്റെ ഫോട്ടോ കൊടുക്കാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതും തെറ്റിധാരണ കൂട്ടാന്‍ ഇടയാക്കി.
സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവ് നിരവധി തവണ യു.പിമുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1993ലാണ് മുലായം സിങ് യാദവ് സമാജ്‌വാദി പാര്‍ട്ടി രൂപീകരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ അന്തരിച്ച മുലായം സിങ് യാദവ് ഒറയ്യയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹം മൂന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷനായ മുലായം സിങ് യാദവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോള്‍ അന്തരിച്ച മുലായം സിങ് യാദവ്.