മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് മൂന്ന് വയസിനും 12നും ഇടയിലുള്ള നാല് സഹോദരങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലുള്ള ബോര്‍ഖെഡ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മാതാപിതാക്കളായ മെഹ്താബ്, റുമാലി ഭിലാല എന്നിവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്. ജാൽഗാവിൽ ഫാമുകളിൽ ജോലി ചെയ്യുന്നവരാണ് ഇവര്‍. മുസ്തഫ എന്നയാളുടെ ഫാമിലാണ് ഇരുവരും പണിയെടുക്കുന്നത്. വെള്ളിയാഴ്ച ഇരുവരും പതിവ് പോലെ ജോലിക്ക് പോയി. ഫാം ഉടമയായ മുസ്തഫയാണ് കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് കൊലപാതകമാണെന്ന് മനസിലായത്. കുട്ടികളുടെ മൃതദേഹത്തിനടുത്ത് രക്തത്തിൽ കുതിർന്ന കോടാലി പൊലീസുകാർ പിന്നീട് കണ്ടെത്തി.
സെയ്ത(12), റൌള്‍ (11), അനില്‍(8), സുമന്‍(3) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേരെയും ഒരു കോടാലി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാല് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തും. മുതിര്‍ന്ന ഡോക്ടര്‍മാരോടും ഫോറന്‍സിക് വിദഗ്ദ്ധരോടും കേസുമായി സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.