ദിസ്പൂര്‍: സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള അസാം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം പുരോഹിതര്‍. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിക്കണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടു.
”രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലം മുതല്‍ മദ്രസകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മദ്രസയില്‍ ചേര്‍ന്നിട്ടുണ്ട്, പലരും ഇതിനകം വിജയിച്ചു. സര്‍ക്കാര്‍ മദ്രസകളെ അടച്ചുപൂട്ടുകയാണെങ്കില്‍, ഈ വിദ്യാര്‍ത്ഥികളുടെ ജീവിതം നശിപ്പിക്കപ്പെടും.
അതിനാല്‍ ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. സിലബസില്‍ എന്തെങ്കിലും മാറ്റം ആവശ്യമെങ്കില്‍ അത് ചെയ്യുക. മതവിദ്യാഭ്യാസത്തോടൊപ്പം പൊതുവിദ്യാഭ്യാസവും അവിടെ പഠിപ്പിക്കുന്നുണ്ട്”ഇമാം മോഫിദുല്‍ ഇസ്‌ലാം പറഞ്ഞു.
ഈ വര്‍ഷം നവംബറോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസ, സംസ്‌കൃത സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് അസാം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പൊതു പണം ‘മത വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ അനുവദിക്കാനാവില്ല’ എന്നും ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു.