മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0
203

തിരുവനന്തപുരം:  മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങൾ യാഥാർത്ഥ്യമായതോടെ മത്സ്യോല്പാദനം വലിയ തോതിൽ വർധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടി ഹാർബർ കമ്മിഷൻ ചെയ്യുന്നതോടെ 500 കോടി രൂപ വിലമതിക്കുന്ന 20,000 ടൺ മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

ഏകദേശം 19,000 മത്സ്യത്തൊഴിലാളികൾക്കാണ് ഹാർബർ പ്രയോജനപ്പെടുക. മഞ്ചേശ്വരം ഹാർബർ കമ്മിഷൻ ചെയ്യുന്നതോടെ 250 കോടി രൂപയുടെ 10,000 ടൺ മത്സ്യം ലഭിക്കുന്നതിന് അവസരമുണ്ടാവും. പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികൾക്കാണ് തുറമുഖം ഗുണം ചെയ്യുക. 66.07 കോടി രൂപയാണ് കൊയിലാണ്ടി തുറമുഖത്തിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചത്. 48.13 കോടി രൂപയാണ് മഞ്ചേശ്വരം തുറമുഖത്തിന്റെ നിർമ്മാണ ചെലവ്. തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിന് സർക്കാർ ഏറെ പ്രാമുഖ്യം നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ 24 മത്സ്യബന്ധന തുറമുഖങ്ങളിൽ 13 എണ്ണമാണ് പൂർണമായി പ്രവർത്തിച്ചിരുന്നത്. നിലവിൽ 18 തുറമുഖങ്ങൾ പ്രവർത്തനസജ്ജമാണ്. ചെല്ലാനം, വെള്ളയിൽ, താനൂർ തുറമുഖങ്ങൾ കൂടി ഈ വർഷം കമ്മിഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനാവശ്യമായ വിഹിതം നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ 50 മുതൽ 75 ശതമാനം വരെ കേന്ദ്ര സഹായം ലഭിച്ചിരുന്നു. പിന്നീട് കേന്ദ്രസഹായത്തിൽ കുറവ് വന്നു. കേന്ദ്രത്തിന്റെ ഈ നയം തിരുത്തേണ്ടതാണ്. ഇത് വികസന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നു. തീരദേശത്തെ പശ്ചാത്തല സൗകര്യ വികസനത്തിന് മഞ്ചേശ്വരം തുറമുഖത്തിന്റെ 17.80 കോടി രൂപ ഉൾപ്പെടെ 57.14 കോടി രൂപയുടെ കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. എന്നാൽ ഇതുകാരണം പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here