ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യമാകാമെന്ന് പി.ബി: പച്ചക്കൊടി കാട്ടി കേരള നേതാക്കളും

0
169

ന്യൂഡല്‍ഹി: (www.mediavisionnews.in) പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ പിന്തുണച്ച് പൊളിറ്റ്ബ്യൂറോ യോഗത്തില്‍ കേരള നേതാക്കളും. സി.പി.എമ്മിനുള്ളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആശയസമരം തന്നെയാണ് ബംഗാളിലെ കോണ്‍ഗ്രസ് ബാന്ധവം. 2016-ല്‍ ഇത് സംബന്ധിച്ച് ബംഗാള്‍ ഘടകം നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ അത് തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്രകമ്മിറ്റി എടുത്ത്. അതിലേക്ക് നയിച്ചത് പ്രധാനമായും കേരള നേതാക്കളുടെ ഉറച്ചനിലപാടായിരുന്നു.

പുതിയ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നാണ്‌ നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി. യോഗത്തിന് മുമ്പാകെ ബംഗാള്‍ ഘടകം ഈ നിര്‍ദേശം അവതരിപ്പിച്ചു. കേരള നേതാക്കളും ഈ നിര്‍ദേശത്തെ പിന്തുണച്ചു. മുന്‍കാലങ്ങളില്‍ ഈ സഖ്യത്തെ ശക്തിയുക്തം കേരള ഘടകം എതിര്‍ത്തിരുന്നു. ഇക്കുറി മറ്റ് പോംവഴികള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന നിലപാടാണ് പി.ബി. കൈക്കൊണ്ടിരിക്കുന്നത്. മറ്റ് രാഷ്ട്രീയ ബദലില്ല എന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്‌.

ഈ മാസം 30, 31 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പി.ബി. തീരുമാനത്തെ കേന്ദ്രകമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു സി.പി.എമ്മിന് മുന്നിലെ പ്രധാന വെല്ലുവിളിയെങ്കില്‍ ആ സാഹചര്യം ഇപ്പോള്‍ മാറി. ബി.ജെ.പി. കൂടി ശക്തമായ സാന്നിധ്യമായി നിലയുറപ്പിച്ച് കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ കൂടി വേണം എന്ന തീരുമാനത്തിലേക്ക് സി.പി.എം. എത്തുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here