ദുബൈ: യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി അവരുടെ വിദേശത്തെ വിലാസം പാര്‍പോര്‍ട്ടില്‍ ചേര്‍ക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ കോണ്‍ലേറ്റിലെ പാസ്‍പോര്‍ട്ട് ആന്റ് അറ്റസ്റ്റേഷന്‍ കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസമില്ലാതെ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്നവര്‍ക്കടക്കം ഇത് പ്രയോജനപ്പെടും.
ഇപ്പോള്‍ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിലാസം തിരുത്താനാവില്ല. യുഎഇയിലെ മേല്‍വിലാസം ചേര്‍ക്കണമെങ്കില്‍ പുതിയ പാസ്‍പോര്‍ട്ടിന് അപേക്ഷ നല്‍കണം. സ്വന്തം വീടുകളിലോ വാടകയ്‍ക്കോ താമസിക്കുന്നവര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം. വിലാസത്തില്‍ മാറ്റം വരുത്തുന്നവര്‍ അതിനുള്ള രേഖകള്‍ കൂടി സമര്‍പ്പിക്കണം.
ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍, വാടക കരാറുകള്‍ തുടങ്ങിയവ വിലാസത്തിനുള്ള രേഖയായി കണക്കാക്കും. എല്ലാ പാസ്‍പോര്‍ട്ട് അപേക്ഷകള്‍ക്കും ഇപ്പോള്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണെങ്കിലും വിലാസം ചേര്‍ക്കുന്ന അപേക്ഷകള്‍ക്കായി പ്രത്യേക പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.