പ്രഖ്യാപനം കടലാസിൽ തന്നെ; മഞ്ചേശ്വരം റെയിൽവേ മേൽപ്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

0
490

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം റെയിൽവേ മേൽനടപ്പാലം കടലാസിലൊതുങ്ങുന്നു. റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്താണ് മേൽനടപ്പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും നാട്ടുകാരും പാളം മുറിച്ചുകടക്കുന്ന ഇവിടെ മേൽപ്പാലം വേണമെന്ന് ആവശ്യമുയർന്നിട്ട് കാലമേറെയായി.

രണ്ടുവർഷം മുമ്പ് സഹോദരിമാരും പിഞ്ചുകുഞ്ഞും ഇവിടെ തീവണ്ടി എൻജിനിടിച്ച് മരിച്ചിരുന്നു. 2018 ജനുവരി 30-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അഡീഷണൽ മാനേജർ, സീനിയർ സെക്ഷൻ എൻജിനീയർ എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി.

മേൽപ്പാലം നിർമിക്കുന്നതിന് റെയിൽവേ അനുകൂല നിലപാടെടുത്തു. മേൽനടപ്പാലം നിർമിക്കാൻ ആദ്യഘട്ടത്തിൽ 1.40 കോടി രൂപ ഗ്രാമപ്പഞ്ചായത്ത് നൽകണമെന്നും ബാക്കി തുക റെയിൽവേ വഹിക്കുമെന്നും ധാരണയായതായി റെയിൽവെ അധികൃതർ അറിയിച്ചിരുന്നു. ഇത്രയും തുക ഗ്രാമപ്പഞ്ചായത്തിന് നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്.

അതിനാൽ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.പി., എം.എൽ.എ. ഫണ്ട് തുടങ്ങിയവ വഴി പണം കണ്ടെത്താനാണ് ഉദ്ദേശിച്ചിരുന്നത്. അതിന്റെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് 25 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 14,56,000 രൂപയും നീക്കിവെക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തുടർനടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ ജനകീയ കമ്മിറ്റിയും നിർജീവമാണ്.

പാളം കടക്കുന്നത് ജീവൻ പണയംവെച്ച്

:നാട്ടുകാരും വിദ്യാർഥികളും യാത്രക്കാരുമായി ദിനംപ്രതി ആയിരത്തിലധികമാളുകളാണ് ഇവിടെ പാളം മുറിച്ചുകടക്കുന്നത്. സ്കൂളുകൾ, ഗവ. കോളേജ്, ആരാധനാലയങ്ങൾ, പോലീസ് സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് കൂടിയുള്ള വഴി മാത്രമാണ് യാത്രക്കാർക്കും നാട്ടുകാർക്കും ആശ്രയം. തീവണ്ടി യാത്രക്കാരേക്കാൾ നാട്ടുകാരും വിദ്യാർഥികളുമാണ് അതുവഴി കടന്നുപോകുന്നത്.

പാളം മുറിച്ചുകടന്നാൽ മാത്രമേ ഇവർക്ക് ഇരുപുറവുമെത്താൻ പറ്റൂ. ചിലപ്പോൾ ഇരുഭാഗങ്ങളിലേക്കും തീവണ്ടി കടന്നുപോകുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടിവരുന്നു. നടപ്പാത നിർമിച്ചാൽ മാത്രമേ യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതത്തിന് പരിഹാരമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here