ന്യൂദല്‍ഹി: ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ഇതാണ് ഇ.ഡി തള്ളിക്കളഞ്ഞത്.
അതേസമയം, ഹാത്രാസില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്തയും തെറ്റാണെന്ന് ഇ.ഡി പറഞ്ഞു.
ഹാത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മിയും മറ്റ് സംഘടനകളും ശ്രമിക്കുന്നുണ്ടെന്ന് യു.പി മുന്‍ ഡി.ജി.പി ബ്രിജ് ലാല്‍ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് ഹാത്രാസിലേക്ക് പോകുകയായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാത്രാസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
നേരത്തെ, ഹാത്രാസിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടതിന് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.