പെട്രോൾപമ്പുകൾ കൊള്ളയടിക്കുന്ന ആറംഗ സംഘം മംഗളൂരുവിൽ പിടിയിൽ

0
183

മംഗളൂരു: (www.mediavisionnews.in) പെട്രോൾപമ്പുകളിലെ ഓഫീസ് രാത്രിയിൽ കുത്തിത്തുറന്ന് കൊള്ളയടിക്കുന്ന ആറംഗസംഘം പിടിയിൽ. കെ.സി. റോഡിലെ മുഹമ്മദ് സുഹൈൽ (ആച്ചു-19), ഫൾനീർ റോഡ് മഹാരാജ ഹൈറ്റ്‌സ് അപ്പാർട്ടുമെന്റിലെ മുഹമ്മദ് അർഫാൻ (20), തലപ്പാടി കെ.സി. നഗറിലെ അബ്ദുൾ റഹിം ഫൈസൽ (21), അഹമ്മദ് ആഷിക് (കൊല്ലെ ആഷിക്-19), കൊട്ടേക്കാർ അജ്ജനക്കട്ടയിലെ മുഹമ്മദ് ഇർഫാൻ (20), അഡ്യാർ, കണ്ണൂരിലെ മുഹമ്മദ് റമീസ് (19) എന്നിവരെയാണ് കങ്കനാടി സിറ്റി പൊലീസും ഉള്ളാൾ പൊലീസും നടത്തിയ അന്വേഷണത്തിൽ അറസ്റ്റ്‌ ചെയ്തത്.

മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ, മുഖംമൂടികൾ, ബൈക്കുകൾ, പണം എന്നിവയും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു രണ്ട്‌ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

സെപ്റ്റംബർ 20-ന് പമ്പുവെൽ ഉജ്ജോടിയിലെ പെട്രോൾ പമ്പ് ഓഫീസിന്റെ ഷട്ടർ തകർത്ത് മോഷണം നടന്നിരുന്നു. അന്നുതന്നെ മംഗളൂരു റൂറൽ, ബണ്ട്വാൾ സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിലെ പെട്രോൾപമ്പുകളിൽ കവർച്ചശ്രമം നടന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ചസംഘം പിടിയിലായത്.

ചോദ്യം ചെയ്യലിൽ മറ്റ് ഏഴ്‌ കേസുകളിൽ കൂടി ഇവർ പ്രതികളാണെന്നു വ്യക്തമായി. ബണ്ട്വാൾ ദശകോടിയിലെ പെട്രോൾപമ്പ്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരൽ, പുഞ്ചൽക്കട്ടെ പിലതബെട്ടു, ദൈകിനക്കട്ടെ എന്നിവിടങ്ങളിലെ പെട്രോൾപമ്പുകൾ, 2019-ൽ കൊടേക്കാർ ബീരിയിലെ മെസ്‌കോം എ.ടി.പി. മെഷിൻ, ഉള്ളാൾ സെയ്‌ന്റ് സെബാസ്റ്റ്യൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ കവർച്ച നടത്തിയതും അഡ്യാറിലെ പെട്രോൾപമ്പിൽ കവർച്ചയ്ക്ക്‌ ശ്രമിച്ചതും ഇതേ സംഘമാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here