കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതിയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സീരില്‍ നടി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റംസിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് റംസിയുടെ പിതാവ് ആവശ്യപ്പെട്ടു.
നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് തീരുമാനം. ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്താലേ മകളുടെ മരണത്തിന് പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയ വീഴ്ചയാണ് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നും റംസിയുടെ പിതാവ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ലക്ഷ്മി പ്രമോദ് അടക്കമുള്ള മൂന്ന് പേര്‍ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 15-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 30000 രൂപയുടെ ബോണ്ടിന്മേല്‍ രണ്ടുപേരുടെ ജാമ്യത്തില്‍ വിടണം, സംസ്ഥാനം വിട്ടുപോകാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അതിനിടെ, ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതായും വിവരമുണ്ട്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനായ ഹാരിഷ് മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.