റോഡിലേക്കിറങ്ങിയ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്‍ടമായ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് സുഹൃത്തുക്കളായ മൂന്നു സ്‍ത്രീകള്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ദേശീയപാതയിലാണ് അപകടമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദില്ലി സ്വദേശികളായ മൂന്ന് സ്ത്രീകൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭോപ്പാലിൽ നിന്ന് 214 കിലോമീറ്റർ വടക്കാണ് സംഭവം.
നാല് സ്ത്രീകളും സുഹൃത്തുക്കളായിരുന്നു. ക്ഷേത്രം സന്ദർശിക്കാൻ ദില്ലിയിൽ നിന്ന് ഓംകരേശ്വരിലേക്ക് പോയതായിരുന്നു സംഘം. ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ദില്ലിയിലേക്കുള്ള മടക്ക യാത്രയ്ക്ക് ഇടയിലാണ് അപകടമുണ്ടായതെന്ന് ചാചൗഡ പൊലീസ് പറഞ്ഞു.
സന്തോഷ് കുമാരി (48), ഗായത്രി സിംഗ് (42), പൂനം ഭാരതി (40) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബിന്ദു ശർമ (40) പരിക്കുകളോടെ ഗ്വാളിയറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്‍തെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്വാളിയറിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഗായത്രിയും പൂനവും മരിച്ചത്. സന്തോഷ് കുമാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
റോഡിൽ ഒരു പശുവിനെ കണ്ടപ്പോള്‍ കാര്‍ വെട്ടിച്ചതായി കാറോടിച്ചിരുന്ന ബിന്ദു ശർമ പൊലീസിനോട് പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്‍ടമായ കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.