തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ ബി.ജെ.പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെന്ന് ആരോപണം

0
477

ചിറ്റിലങ്ങാട്: തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ചശേഷം മടങ്ങുമ്പോഴായിരുന്നു സനൂപിനും മറ്റുള്ളവര്‍ക്കും നേരെ ആക്രമണമുണ്ടായത്.

നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി.- ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. എട്ടോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വാളും കത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം എ.എസ്.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here