തൃശൂർ: പഴയന്നൂർ പട്ടിപ്പറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. തൃശൂർ ജില്ലയിൽ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയുണ്ടായ ഏഴാമത്തെ കൊലപാതകമാണിത്. റഫീഖും ഫാസിലും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒരു ചിക്കൻ സെന്ററിലെ ജോലിക്കാരായിരുന്നു ഇരുവരും.
അജ്ഞാതരായ ചിലർ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച് തന്നെ റഫീഖ് മരിച്ചു. ആശുപത്രിയിലെത്തിച്ച ഫാസിലിന്റെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട റഫീഖ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്‌ക്ക് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.