പാരിസ്∙ ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത കേസിൽ അറസ്റ്റിലായ 15 പേരിൽ അധ്യാപകനെ കാട്ടിക്കൊടുത്ത നാല് വിദ്യാർഥികളും. വിദ്യാർഥികൾക്കുമുന്നിൽ പ്രവാചകന്റെ കാർട്ടൂൺ, അധ്യാപകനായ സാമുവൽ പാറ്റി (47) പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ 18കാരനായ എ. അബ്ദൗലഖിനെ പൊലീസ് വെള്ളിയാഴ്ച വെടിവച്ചുകൊന്നിരുന്നു. പാരിസിന്റെ വടക്കു–പടിഞ്ഞാറൻ സബേർബായ കോൺഫ്ലാൻസ്– സെയ്ന്റെ– ഹോനൊറിന്നിലെ ബോയ്സ് ദെഔലുൻ സെക്കൻഡറി സ്കൂളിനു സമീപമാണ് പാറ്റിയുടെ തല അബ്ദൗലഖ് അറുത്തത്.
അറസ്റ്റിലായവരിൽ കൊലപാതകിയുടെ നാലു കുടുംബാംഗങ്ങളും സ്കൂളിലെ ഒരു കുട്ടിയുടെ പിതാവും തീവ്ര ആശയമുള്ള ഒരാളും ഉൾപ്പെടുന്നു. തീവ്ര ആശയക്കാരുടെ വീടുകളിലും മറ്റുമായി 40ൽ പരം റെയ്ഡുകൾ പൊലീസ് നടത്തിയിട്ടുണ്ട്.. കൊലപാതകിയുടെ മുത്തച്ഛനും മാതാപിതാക്കളും 17കാരനായ സഹോദരനുമാണ് കസ്റ്റഡിയിലുള്ളത്.
പാറ്റിയെ തിരിച്ചറിയാൻ കൊലപാതകിയെ സഹായിച്ചത് നാല് വിദ്യാർഥികളാണ്. ഇവർക്കു പണം ലഭിക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്കൂളിലെ ഒരു കുട്ടിയുടെ പിതാവാണ് പാറ്റിക്കെതിരെ ഓൺലൈൻ പ്രചാരണം ആരംഭിച്ചത്. തീവ്ര ആശയമുള്ള ഒരു പുരോഹിതനും ശനിയാഴ്ച അറസ്റ്റ് ചെയ്ത ആറുപേരിലുൾപ്പെടുന്നു.
51 ഫ്രഞ്ച് മുസ്‌ലിം സംഘടനകളെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയാണെന്നും കളക്ടീവ് എഗെയ്ൻസ്റ്റ് ഇസ്‌ലാമോഫോബിയ ഇൻ ഫ്രാൻസ് (സിസിഐഎഫ്) എന്ന സംഘടനയെ രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ അറിയിച്ചു.
ഒക്ടോബർ ആദ്യമായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയം പഠിപ്പിച്ചുകൊണ്ടിരിക്കെ പ്രവാചക കാർട്ടൂണുകൾ പാറ്റി ക്ലാസിൽ പ്രദർശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമാന രീതിയിലാണ് ചരിത്ര, ജ്യോഗ്രഫി അധ്യാപകനായ പാറ്റി ക്ലാസ് എടുത്തിരുന്നത്. മാനസിക പ്രയാസമുണ്ടെങ്കിൽ മുസ്‌ലിം വിദ്യാർഥികൾക്ക് ക്ലാസിൽനിന്ന് മാറിനിൽക്കാമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.