കാസർകോട്: (www.mediavisionnews.in) ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി ഖ മറുദ്ദീനിനെതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയില്‍. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.
തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടർ ആയ എം സി ഖമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും അതിനാൽ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ കേസ് ആണ് ഇതെന്ന് സർക്കാർ വാദിച്ചു. 84 കേസ് ഇതുവരെ എടുത്തതായി കോടതിയെ അറിയിച്ചു. സർക്കാർ സത്യവാങ് മൂലത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് എംസി ഖമറുദ്ദീൻ. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ എംസി ഖമറുദ്ദീൻ എംഎൽഎയേയും ചോദ്യം ചെയ്യും. ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 87 വഞ്ചന കേസുകളിൽ ജ്വല്ലറി ചെയർമാനായ എംസി ഖമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയാണ് എംഡി പൂക്കോയ തങ്ങൾ. ശനിയാഴ്ച കാസർകോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. ചില സുപ്രധാന വിവരങ്ങൾ കിട്ടിയെന്നും തെളിവുകൾ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.