കുടുംബത്തിലേയെ വീട്ടിലെയോ ഒരംഗത്തിന് കോവിഡ് ബാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ആശുപത്രിയിലെത്തിക്കുമോ? അതോ ഡോക്ടറെ കാണിക്കുമോ?. എന്നാൽ സെപ്റ്റംബർ 28ന് മഹാരാഷ്ട്രയിലെ ഭൻദാര ജില്ലയിലെ ലാഖന്ദൂരിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം വന്നു. രോഗലക്ഷണങ്ങൾ പ്രകടമായ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. എന്നാൽ രോഗം സ്ഥിരീകരിച്ച ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ ഭാര്യ തയാറായില്ല. വീട്ടിൽ തന്നെ കഴിഞ്ഞ രോഗി ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു.
തുടർന്ന് തെഹ്സിൽ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ഭാര്യക്കെതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്. രോഗിയോടുള്ള അവഗണനക്കാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മരണത്തെ തുടർന്ന് ബന്ധുവിനെതിരെ കേസെടുക്കുന്നത് രാജ്യത്ത് ഇത് ആദ്യമായാണ്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തതെന്ന് പവാനി സബ് ഡിവിഷണല്‍ ഓഫീസർ അശ്വിനി ഷെൻഡ്ഗെ പറഞ്ഞു.
ചട്ടലംഘനമുണ്ടായാൽ ശിക്ഷിക്കപ്പെടുമെന്ന ശക്തമായ സന്ദേശമാണ് ലഖാന്ദൂരിലെ ഈ സംഭവം. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിവിധ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടാൽ പിഴ ശിക്ഷ ലഭിക്കുകയോ കേസെടുക്കുകയോ ചെയ്യാം.
എന്താണ് സെക്ഷൻ 188?
ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കാൻ 1987ലെ പകർച്ചവ്യാധി നിയമം അധികാരപ്പെടുത്തുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ശിക്ഷ ലഭിക്കുക. പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 പ്രകാരം ഏതെങ്കിലും നിയന്ത്രണങ്ങളോ ഉത്തരവുകളോ അനുസരിക്കാത്തതിന് പിഴ ഈടാക്കാം. സർക്കാർ ഇറക്കിയ ഉത്തരവ് ലംഘിച്ചാൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 പ്രകാരം കേസെടുക്കാം.
സെക്ഷന് 188 പ്രകാരം രണ്ട് കുറ്റങ്ങളുണ്ട്:
ഒരു പൊതുപ്രവർത്തകൻ നിയമപരമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, അത്തരം അനുസരണക്കേട് നിയമപരമായി ജോലി ചെയ്യുന്ന വ്യക്തികൾക്ക് തടസ്സമോ ശല്യമോ പരിക്കോ ഉണ്ടാക്കുന്നുവെങ്കിൽ ശിക്ഷ, 1 മാസത്തെ തടവ് അല്ലെങ്കിൽ 200 രൂപ പിഴ അല്ലെങ്കിൽ രണ്ടും. അത്തരം അനുസരണക്കേട് മനുഷ്യജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്നുവെങ്കിൽ. ശിക്ഷ: 6 മാസം തടവ് അല്ലെങ്കിൽ 1000 രൂപ പിഴ അല്ലെങ്കിൽ രണ്ടും.