കൊച്ചി: കൊവിഡ് വ്യാപനത്തിൽ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായില്ലെന്നാണ് ഐംഎംഎ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഐഎംഎ ആവശ്യപ്പെടുന്നു. വിരമിച്ച ഡോക്ടർമാരുടെ അടക്കം സേവനം സർക്കാർ ഉപയോഗിക്കണമെന്നും എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു.
ആശങ്കയിൽ സംസ്ഥാനം
രാജ്യത്തെ ഏറ്റവും അധികം പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനമായി മാറിയതോടെ കേരളത്തില്‍ ആശങ്ക കനക്കുകയാണ്. വെന്റിലേറ്ററുകളും ഐസിയുകളും നിറയാറായി. മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അപകടകരമായ കുതിപ്പാണ് കേരളത്തില്‍. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11755 പേര്‍ക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തിയത് ആരോഗ്യവകുപ്പിനെത്തന്നെ ഞെട്ടിച്ചു. വ്യാപക ബോധവത്കരണം നടത്തിയിട്ടും സമ്പർക്കത്തിലൂടെയുള്ള രോഗബാധ 90 ശതമാനമാണ്.
കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും ആശങ്കയേറുകയാണ്. കൊല്ലത്തും പത്തനംതിട്ടയിലും വയനാട്ടിലും എറണാകുളത്തും വെന്റിലേറ്ററുകളും ഐസിയുകളും ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന ജില്ലകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. അതേസമയം പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാൻ രോഗികള്‍ മടിക്കുന്നതിനാല്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ ഒട്ടും തിരക്കില്ല.
കൊവിഡ് രോഗത്തെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനം എന്ന നിലയില്‍നിന്നാണ് കേരളത്തിന്‍റെ ഈ വീഴ്ച. മരണ നിരക്ക് പിടിച്ചുനിര്‍ത്താനാവുന്നു എന്നതില്‍ മാത്രമാണ് ആശ്വാസം.