കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാണ് നടപടി.
പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചതായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്നലെയായിരുന്നു ഷാജിയുടെ വീട് ഉദ്യോഗസ്ഥര്‍ അളന്നത്. ഇ.ഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.
2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.
അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30ലധികം ആളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍.
പണം കൈമാറിയതായിപ്പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും.
പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും. പരാതിക്കാരുടെയും കെ.എം.ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിട്ടുണ്ട്.
നോട്ടിസ് കൈപ്പറ്റിയവരോട് അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
എന്നാല്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം.