കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതി; ഇഡി അന്വേഷണം തുടങ്ങി

0
221

കണ്ണൂര്‍∙ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30ലധികം ആളുകൾക്ക് നോട്ടിസ് നല്‍കി. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.

2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. പണം കൈമാറിയതായിപ്പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും.

പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും. പരാതിക്കാരുടെയും കെ.എം.ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിട്ടുണ്ട്. നോട്ടിസ് കൈപ്പറ്റിയവരോട് അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഇഡിയുടെയും അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here