കാസര്‍കോട് കളക്ടറുടെ ക്യാമ്പ് ഓഫീസിനടുത്ത് രണ്ടരക്കോടിയുടെ ചന്ദനം; മുഖ്യപ്രതി അറസ്റ്റിൽ

0
628

കാസര്‍ഗോഡ്: കളക്ടറേറ്റിന് സമീപം വീട്ടില്‍ നിന്ന് രണ്ടരകോടിയുടെ ചന്ദനം പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ ഖാദറാണ് അറസ്റ്റിലായത്.

ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്നാണ് ഇന്ന് രാവിലെ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

ഇയാളുടെ വീട്ടില്‍ നിന്നാണ് ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത്ത് ബാബുവും സംഘവും രണ്ടര കോടിയോളം രൂപ വിലവരുന്ന ചന്ദനം പിടികൂടിയത്. ചന്ദന സംഘത്തിലെ പിടികിട്ടാപുള്ളിയെ റെയ്ഡിനിടയില്‍ വ്യാഴാഴ്ച പിടികൂടിയിരുന്നു.

കൊല്ലത്ത് നേരത്തെ നടന്ന ചന്ദനകടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ചെങ്കള പാണലംകുന്നിലിലെ അബ്ദുല്‍ കരീം ആണ് പിടിയിലായത്. ഇയാളെ  ചോദ്യം ചെയ്ത ശേഷം കൊല്ലം വനം വകുപ്പിന് കൈമാറിയിരുന്നു.

കാസര്‍കോട് ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ രഹസ്യകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രണ്ടര കോടി രൂപ വിലവരുന്ന ചന്ദനമുട്ടികള്‍ പിടികൂടിയത്. മകന്‍ അര്‍ഷാദ്, ലോറി ഡ്രൈവര്‍ എന്നിവരാണ് രക്ഷപെട്ട മറ്റുള്ളവര്‍.

ചന്ദനമുട്ടികള്‍ ആന്ധ്രയിലെ ചന്ദന ഫാക്ടറികളിലെത്തിക്കുന്നതിനുള്ള ശ്രമമാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.ഡി എഫ് ഒയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here