ഉപ്പള: (www.mediavisionnews.in) കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് ഉപ്പള, ഹൊസങ്കടി ടൗണുകള്‍. ഇതേ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ദുരിതം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയിലാണ് ഉപ്പളയിലും ഹൊസങ്കടി ടൗണിലും വെള്ളം കയറിയത്. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വൃത്തിയാക്കാത്തതാണ് റോഡുകളിലും ബസ്‌സ്റ്റാന്റിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്.
ഹൊസങ്കടി ടൗണില്‍ കാസര്‍കോട് ഭാഗത്തേക്കുള്ള റോഡ് ജംഗ്‌ഷനില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ബസ്സ് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ബസ്സില്‍ കയറാനും ഇറങ്ങാനും യാത്രക്കാര്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഉപ്പള ബസ്‌സ്റ്റാന്റിലും വെള്ളം കയറിയ നിലയിലാണ്. ബസ് സ്റ്റാന്റിലേക്ക് കടക്കുന്ന സ്ഥലത്തും വന്‍തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നു. സമീപത്ത് വെള്ളം ഒഴുകിപോകാന്‍ ഓവുചാല്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും, അതിനകത്ത് മാലിന്യങ്ങളും മണ്ണും നിറഞ്ഞ് മൂടിയ നിലയിലാണ്.വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായും ഓവുചാലുകള്‍ വൃത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.