എഡിറ്റോറിയല്‍ കോളം കറുപ്പാക്കി സുപ്രഭാതം; ‘മതേതര ഇന്ത്യയുടെ മറ്റൊരു കറുത്ത ദിനം’

0
511

കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി നടപടിയില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് സുപ്രഭാതം പത്രം. ‘മതേതര ഇന്ത്യയുടെ മറ്റൊരു കറുത്ത ദിനം ഞങ്ങള്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയായാണ് എഡിറ്റോറിയല്‍ കോളം സുപ്രഭാതം കറുപ്പ് നിറത്തില്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍. കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, പ്രഗ്യാ സിംഗ് ഠാകൂര്‍ തുടങ്ങി 32 പ്രതികളെ വെറുതെ വിട്ട് കൊണ്ട് വിധി പുറപ്പെടുവിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

വിധി വന്നതിന് പിന്നാലെ പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്.
വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ബാബ്രി മസ്ജിദ് കവര്‍ ഫോട്ടോ ചാലഞ്ച് തരംഗമാവുന്നുണ്ട്. ഏറെ പ്രചാരം നേടിയ ബാബരി മസ്ജിദിന്റെ ഒരു പെയ്ന്റിംഗ് ഫേസ്ബുക്ക് കവര്‍ ഫോട്ടോ ആക്കിക്കൊണ്ടാണ് ഈ ചാലഞ്ച് നടക്കുന്നത്.

#BabriMasjidCoverPhotoChallenge എന്ന ഹാഷ്ടാഗിലാണ് ചാലഞ്ച് നടക്കുന്നത്. ‘ഈ ഫാസിസ്റ്റ് ഭരണം നിലംപതിക്കുന്നത് വരെയോ അല്ലെങ്കില്‍ ഈ പ്രൊഫൈല്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് വരെയോ ബാബരി മസ്ജിദിന്റെ ഒരു ഫോട്ടോയോ പെയ്ന്റിംഗോ ആയിരിക്കും എന്റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ. ഈ അനീതി ഞാന്‍ എന്നും ഓര്‍ത്തുവെക്കും. നിങ്ങള്‍ക്ക് ചരിത്രത്തെ മായ്ച്ചുകളയാനാകില്ല.’ എന്നാണ് ഈ ചാലഞ്ചില്‍ ഫോട്ടോക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍,ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here