ഉപ്പള (www.mediavisionnews.in): ഇലക്ട്രിക്കല്‍ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കണ്ടെത്താനായി പരക്കം പാഞ്ഞു. അതിനിടെ രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ വിട്ടയച്ചു.
ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പളയിലാണ് സംഭവം. ഉപ്പള പത്വാടി സ്വദേശിയും കാസര്‍കോട്ട് താമസക്കാരനുമായ ഇലക്ട്രിക്കല്‍ ജീവനക്കാരനെയാണ് തട്ടിക്കൊണ്ട്‌പോയത്.
ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബന്തിയോട് ബൈദലയിലെ ഒരു യുവാവ് കാറില്‍ കയറ്റിക്കൊണ്ട് പോവുകയും പിന്നീട് പല സ്ഥലത്തും ചുറ്റിത്തിരിഞ്ഞ ശേഷം ബന്തിയോട് ഇറക്കിവിടുകയുമായിരുന്നുവത്രെ. അതിനിടെ വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസും കുമ്പള പൊലീസും കാര്‍ കണ്ടെത്താനായി പരക്കം പായുകയായിരുന്നു.
20 ദിവസം മുമ്പ് പെരിങ്കടിയില്‍ കാര്‍ ഇടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നിരുന്നു.
ഇത് മാറ്റിയിടാന്‍ വേണ്ടി ഇലക്ട്രിക്കല്‍ ജീവനക്കാരന്റെ കരാറുകാരന്‍ തൂണിന് വൈദ്യുതി ഓഫീസില്‍ കൂടുതല്‍ പണം അടപ്പിച്ചു എന്ന് ആരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിലെ യുവാവിനെ കുറിച്ചും കാര്‍ കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.