ആശുപത്രിക്ക് കട്ടിൽ വരെ നൽകി ടാറ്റ ഗ്രൂപ്പ്, പക്ഷേ 13 ദിവസം പിന്നിട്ടിട്ടും ജീവനക്കാരെ നിയമിച്ചില്ല

0
361

കാസർകോട്: (www.mediavisionnews.in) ‘അടിയന്തര സാഹചര്യത്തിൽ’ ‌ഇതാണു സ്ഥിതിയെങ്കിൽ സാധാരണ സാഹചര്യത്തിൽ എങ്ങനെയായിരിക്കും?. അടിയന്തര സാഹചര്യം കണക്കിലെടുത്തു ജീവനക്കാരെ താൽക്കാലിക, ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുമെന്നാണു 30 നു ടാറ്റ കോവിഡ് ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. 

എന്നാൽ 13 ദിവസം പിന്നിട്ടിട്ടും നിയമനങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവുള്ളതിനാൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാത്രമേ ഡോക്ടർമാരുടെ നിയമനം സാധ്യമാകുകയുളളൂ. ആർഎംഒ ഉൾപ്പെടെ 39 ഡോക്ടർമാരുടെ തസ്തികകളാണു കോവിഡ് ആശുപത്രിയിലുള്ളത്. ഇതിൽ ഭൂരിഭാഗവും സ്പെഷലിസ്റ്റ് ഡോക്ടർമാർ.

ജില്ലയിൽ സാധാരണ ഡോക്ടർമാരുടെ നിയമനത്തിനു പോലും ആളെ കിട്ടാത്ത അവസ്ഥയിൽ മെഡിക്കൽ കോളജുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ ഡപ്യൂട്ടേഷൻ നിയമനം മാത്രമേ രക്ഷയുള്ളൂ. ഇക്കാര്യം വ്യക്തമാക്കി 1നു തന്നെ ഡിഎംഒ ആരോഗ്യവകുപ്പിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.  ഡോക്ടർമാരുടെ കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ മറ്റു നിയമനങ്ങളുമായി മുന്നോട്ടു പോകാൻ കഴിയൂ. ‌

ബാക്കി ജീവനക്കാരെയും ആവശ്യമുണ്ട്. താൽക്കാലിക അടിസ്ഥാനത്തിലാണെങ്കിലും ഇത്രയും നിയമനങ്ങൾ പൂർത്തിയാക്കാൻ ആഴ്ചകൾ വേണ്ടി വരും. ഇവിടെ രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയാൽ ജില്ലാ ആശുപത്രി സാധാരണ ആശുപത്രിയാക്കി മാറ്റാനായിരുന്നു തീരുമാനം. ഇതു വൈകുന്നതിനാൽ ജില്ലാ ആശുപത്രിയിൽ മറ്റു രോഗികൾക്കുള്ള ചികിത്സ ഇല്ലാത്ത സാഹചര്യമാണ്. 

പിഞ്ചുകുട്ടികളും ഗർഭിണികൾ ഉൾപ്പെടെയുള്ള കോവിഡ് രോഗികളും ദിവസവും മരണത്തിനു കീഴടങ്ങുമ്പോഴും ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയിൽ ഇല്ല. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയാണ് ഇപ്പോൾ ആശ്രയം. കോവിഡ് ആശുപത്രിയിൽ ഈ സൗകര്യം ഒരുക്കാനായിരുന്നു അധികൃതർ ആലോചിച്ചിരുന്നത്. 

ഒന്നേ കാൽ കോടിയിലധികം രൂപയുടെ ഉപകരണങ്ങൾ

ടാറ്റ ഗ്രൂപ്പ് കൈമാറിയ കെട്ടിടം ആശുപത്രിയാക്കാൻ ഒന്നേ കാൽ കോടിയിലധികം രൂപയുടെ ഉപകരണങ്ങൾ വേണ്ടി വരും. ഈ തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് എടുക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അനുമതി തേടി കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള വെന്റിലേറ്റർ അടക്കമുള്ള ഉപകരണങ്ങൾക്ക് ഉൾപ്പെടെയുള്ള തുകയാണ് ഡിഎംഒ കണക്കാക്കി കലക്ടർക്കു നൽകിയത്. കട്ടിൽ വരെയുള്ള കാര്യങ്ങളാണ് ടാറ്റ ഗ്രൂപ്പ് ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here