അശ്ലീല ഫോണ്‍ വിളി; അമ്മയും മകളും 46-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു

0
227

കോയമ്പത്തൂർ: ഫോണിൽ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ അമ്മയും മകളും തല്ലിക്കൊന്നു. അരുൾനഗർ സ്വദേശി എൻ. പെരിയസ്വാമി(46)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയനഗർ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പോലീസ് കസ്റ്റഡിയിലെടുത്തു.

ധനലക്ഷ്മിയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാലാണ് ഇരുവരും പെരിയസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തടിക്കഷണം കൊണ്ട് തലയിലും മുഖത്തും കാലിലും പരിക്കേറ്റ പെരിയസ്വാമി റോഡിലെത്തിയപ്പോൾ മരിച്ചുവീഴുകയായിരുന്നു. പോലീസെത്തിയാണ് ഇയാളുടെ മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

വിധവയായ ധനലക്ഷ്മിയും അമ്മ മല്ലികയും പെരിയനഗറിലാണ് താമസം. ഒരാഴ്ച മുമ്പാണ് അറിയാത്ത നമ്പറിൽനിന്ന് ധനലക്ഷ്മിയുടെ ഫോണിലേക്ക് കോൾ വന്നത്. റോങ് നമ്പറാണെന്ന് പറഞ്ഞെങ്കിലും പെരിയസ്വാമി വീണ്ടും കോൾ ചെയ്തു. ഫോണെടുത്താൽ അശ്ലീലച്ചുവയോടെയായിരുന്നു ഇയാൾ സംസാരിച്ചിരുന്നത്. ശല്യം രൂക്ഷമായതോടെ ഇയാളെ തിരിച്ചറിയാനായി യുവതി ശ്രമം തുടങ്ങി. ഫോൺകോളുകൾ റെക്കോഡ് ചെയ്യുകയും അമ്മയോട് കാര്യം പറയുകയും ചെയ്തു. തുടർന്നാണ് ശല്യക്കാരനെ കൈകാര്യം ചെയ്യാനായി തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെരിയസ്വാമി ഇവരുടെ വീട്ടിലെത്തിയത്. ആളെ കൺമുന്നിൽ കിട്ടിയതോടെ യുവതിയും അമ്മയും ഇയാളുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ തടികഷണം ഉപയോഗിച്ച് മർദിച്ചു. ആക്രമണത്തിൽ പെരിയസ്വാമിയുടെ തലയ്ക്കും മുഖത്തും കാലിലും പരിക്കേറ്റു. തുടർന്ന് ഇവരുടെ വീട്ടിൽനിന്നിറങ്ങിയ പെരിയസ്വാമി അല്പദൂരം നടന്നതിന് ശേഷം റോഡിൽ മരിച്ചുവീഴുകയായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് പിന്നീട് പോലീസിൽ വിവരമറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here