കാനഡ: കുറച്ച് ഉള്ളികളുടെ ഫോട്ടോ കണ്ട് ഫേസ്ബുക്ക് കാണിച്ച അബദ്ധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കനേഡിയന്‍ സീഡ് കമ്പനിയായ ഇ.ഡബ്ല്യു ഗേസ് നല്‍കിയ ഒരു പരസ്യത്തിലെ ഫോട്ടോയാണ് വിവാദത്തിനു കാരണമായത്.
ഉള്ളികളുടെ വിത്തുകളുടെ ഈ പരസ്യം പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഫേസ്ബുക്ക് വിലക്കി. അമിതമായ ലൈംഗികത കാണിക്കുന്നു എന്നാണ് വിലക്കുന്നതിന് കാരണമായി ഫേസ്ബുക്ക് നല്‍കിയ വിശദീകരണം. ഓട്ടോമാറ്റിക് അല്‍ഗോരിതത്തിന് പറ്റിയ പിഴവ് മൂലമാണ് ഈ ഉള്ളികളെ തിരിച്ചറിയാന്‍ പറ്റാതെ പോയത്.
ഫേസ്ബുക്കിന്റെ നടപടിയില്‍ ആദ്യം അമ്പരന്നു പോയെന്നാണ് സീഡ് കമ്പനി മാനേജര്‍ ജാക്‌സണ്‍ എംസി ലീന്‍ പറഞ്ഞത്. അതേസമയം ഉള്ളികളുടെ ഫോട്ടോ സ്തനം ആയി തെറ്റിദ്ധരിച്ചിട്ടാവാം വിലക്കിയതെന്ന് ഇദ്ദേഹം പറയുന്നു.
സംഭവം ചര്‍ച്ചയായതിനു പിന്നാലെ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി.
ആപ്പില്‍ നഗ്ന ദൃശ്യങ്ങള്‍ ഒഴിവാക്കാനായി ഓട്ടോമേറ്റഡ് ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. ഒരുപക്ഷെ ഫോട്ടോയിലെ ഉള്ളിയെ വേര്‍തിരിച്ചറിയുന്നതില്‍ തടസ്സം നേരിട്ടിട്ടുണ്ടാകാമെന്നാണ് ഫേസ്ബുക്ക് കാനഡ മേധാവി ബി.ബി.സിയോട് പ്രതികരിച്ചത്.
ഒപ്പം പരസ്യത്തിനേര്‍പ്പെടുത്തിയ വിലക്ക് നീക്കിയെന്നും ഇദ്ദേഹം പറഞ്ഞു. തങ്ങളുടെ പരസ്യം വിലക്കിയ വിവരം ഫേസ്ബുക്കില്‍ ഈ സീഡ് കമ്പനി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് ഫേസ്ബുക്കിനെതിരെ ട്രോളുമായി വന്നത്.