കണ്ണൂർ: കെട്ടിട നിര്‍മാണ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ് തന്റെ വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയെന്നത് തമാശ മാത്രമാണെന്നും താന്‍ ഒരു നോട്ടീസും കൈപ്പറ്റിയിട്ടില്ലെന്നും കെ.എം ഷാജി എം.എല്‍.എ. ഒരു തവണ പെര്‍മിറ്റെടുത്താല്‍ ഒമ്പത് വര്‍ഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയത്ത് അവിടം ബഫര്‍സോണില്‍ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയില്‍ പണിയേണ്ടി വന്നതെന്നും കെ.എം ഷാജി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ വീടിന്റെ പ്ലാനോ എസ്റ്റിമേറ്റോ സമര്‍പ്പിച്ചിട്ടില്ലെന്നും 10 ലക്ഷം രൂപയെങ്കിലും പിഴയടച്ചാല്‍ നിയമപരമാക്കാമെന്നും കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നാലര വര്‍ഷമായിട്ടും ഇതുവരെ നികുതി സ്വീകരിച്ചിട്ടില്ല. ഇത് ഉദ്യോഗസ്ഥരുടെ കൂടെ വീഴ്ചയാണ്. അവര്‍ക്കെതിരേയും നടപടിയെടുക്കേണ്ടി വരും. എന്നാല്‍ റിവൈസ്ഡ് പ്ലാന്‍ സമര്‍പ്പിച്ച് നിയമപരമാക്കാവുന്നതാണ്. പിഴയടക്കേണ്ടി വരുമന്ന് മാത്രം. അനധികൃത നിര്‍മാണം നടത്തിയാല്‍ എല്ലാവര്‍ക്കും ഒരേ നോട്ടീസാണ് നല്‍കുക. അതിന് കെ.എം ഷാജിയെന്നോ മറ്റോ ഇല്ല. അടുത്ത നടപടിയെന്ന നിലയ്ക്കാണ് നോട്ടീസ് നല്‍കിയതെന്നും രേഖകള്‍ സമര്‍പ്പിച്ച് നികുതിയടച്ച് നിയമപരമാക്കാവുന്നതാണെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വീടിന്റെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടില്ലെന്ന് ഷാജിയും പ്രതികരിച്ചു. ഇപ്പോഴും കോർപറേഷന്റെ കയ്യില്‍ തന്നെയാണ് വീട്. നിയമപരമായ പേപ്പറുകള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും കെ.എം ഷാജി പറഞ്ഞു. നിയമവിരുദ്ധമായ ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ല. കെട്ടിട നിര്‍മാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടില്ലെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.
അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് ഞാന്‍ വരുന്നത്. അതുകൊണ്ട് വലിയ വീടുണ്ടാക്കാനുള്ള ആസ്തിയൊക്കെ തനിക്കുണ്ടെന്നും ഗതിയില്ലാത്ത വീട്ടില്‍ നിന്നല്ല വരുന്നതെന്നും ഇ.ഡിക്ക് മുന്നില്‍ എല്ലാം വ്യക്തമാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നു.