യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പതിനഞ്ചു വയസ്സുകാരിയെ ആക്രമിച്ചത് ലഹരി മരുന്ന് നല്‍കിയ ശേഷം

0
296

ലക്‌നൗ: യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം. മീററ്റില്‍ പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കുട്ടിയ്ക്ക് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം. ബന്ധുവും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്.

ഇതിനുശേഷം പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ലക്‌നൗവില്‍ മറ്റൊരു പീഡനം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്‌നൗവില്‍ സ്ഥിരതാമസക്കാരിയായ നേപ്പാള്‍ സ്വദേശിയായ 22 കാരിയാണ് പീഡനത്തിനിരയായത്.

സുഹൃത്തായ യുവാവ് ലഹരി മരുന്ന് നല്‍കിയശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സംഭവം പൊലീസിനെ അറിയിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു.

ഇതേത്തുടര്‍ന്ന് യു.പി പൊലീസില്‍ പരാതി നല്‍കാന്‍ ഭയന്ന് 800 കിലോമീറ്ററോളം സഞ്ചരിച്ച് നാഗ്പൂരിലെത്തിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുമായി പൊലീസ് സംഘം ലക്നൗവിലേയ്ക്കു തിരിച്ചിരുന്നു.

യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.എസ്.പിയും രംഗത്തെത്തിയിട്ടുണ്ട്. ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പൊലീസ് ആക്രമിച്ചതിനെയും പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here