ബിഹാര്‍ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശം പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് സി.പി.ഐ എം.എല്‍.എയെ ജയിലിലടച്ചു

0
398

പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് സി.പി.ഐ എം.എല്‍.എയെ ജയിലിലടച്ചു. ബിഹാറിലെ ബച്ചാര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ അവധേഷ് കുമാര്‍ റായിയെയാണ് 2005 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ചത്.

ബെഗുസാരായി സി.പി.ഐ സെക്രട്ടറിയായ റായിയ്‌ക്കെതിരെ 2005 ല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മൂന്ന് തവണ ബിഹാറില്‍ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട അവധേഷ് കുമാര്‍ കോടതിയില്‍ കീഴടങ്ങിയപ്പോള്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിവേക് വിശാലാണ് കസ്റ്റഡിയില്‍ വിട്ടയ്ക്കാന്‍ ഉത്തരവിട്ടത്.

ഒക്‌ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 30 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവര്‍ ലിസ്റ്റിലുണ്ട്.

നേരത്തെ എന്‍.സി.പിയും താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ശരദ് പവാറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍.

മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്, പാര്‍ട്ടി എം.പിമാരായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, സുപ്രിയ സുലെ, ഫൗസിയ ഖാന്‍ എന്നിവരാണ് മറ്റ് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here