നാലാമത് എത്താന്‍ നാല് ടീമുകള്‍; ജയത്തിന് ഒപ്പം റണ്‍റേറ്റും മുഖ്യം

0
359

ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താന്‍ വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഓരോ ടീമും 12,13 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ മാത്രമാണ് നിലവില്‍ പ്ലേഓഫില്‍ കയറിയിരിക്കുന്നത്. എന്നിരുന്നാലും ഡല്‍ഹിയും ബാംഗ്ലൂരും ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ച നിലയിലാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫിലെത്താം. എന്നാല്‍ നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്താന്‍ നാല് ടീമുകളാണ് പോര്‍മുഖത്തുള്ളത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് നാലാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്നത്. ഇതില്‍ ഹൈദരാബാദിനാണ് മുന്‍തൂക്കം. റണ്‍റേറ്റാണ് അവരെ സാദ്ധ്യതയില്‍ മുന്നില്‍ നിര്‍ത്തുന്നത്. +0.396 ആണ് അവരുടെ റണ്‍റേറ്റ്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ റേറ്റാണിത്. പക്ഷേ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അവര്‍ ജയിക്കണം. ഷാര്‍ജയിലാണ് അവരുടെ രണ്ട് മത്സരങ്ങളും നടക്കുന്നത്.

ഈ നാല് ടീമുകളില്‍ പ്ലേഓഫിലെത്താന്‍ സാദ്ധ്യത കുറവ് കൊല്‍ക്കത്തയാണ്. -0.467 ആണ് കെകെആറിന്റെ റണ്‍റേറ്റ്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മോശം റണ്‍ റേറ്റാണിത്. പ്ലേഓഫ് ഏറെക്കുറേ ഉറപ്പിച്ചിരുന്ന കൊല്‍ക്കത്തയ്ക്ക് അവസാന നാല് കളിയില്‍ മൂന്നിലും തോറ്റതാണ് ഈ ദുരവസ്ഥ വരുത്തിയത്. രാജസ്ഥാനെതിരെ വമ്പന്‍ ജയം നേടുകയും പഞ്ചാബും ഹൈദരാബാദും തോല്‍ക്കുകയും ചെയ്താലേ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് സാദ്ധ്യമാകൂ.

രാജസ്ഥാനോട് തോറ്റത് പഞ്ചാബിന്റെ കണക്കൂകൂട്ടലുകള്‍ തകിടം മറിച്ചിരിക്കുന്നത്. പഞ്ചാബിന് അടുത്ത കളിയില്‍ ജയിച്ചാല്‍ മാത്രം പോര, പകരം നെറ്റ് റണ്‍റേറ്റ് കൂടി ശ്രദ്ധിക്കണം. നിലവില്‍ -0.133 ആണ് അവരുടെ റണ്‍റേറ്റ്. അവസാനത്തെ അഞ്ച് ടീമുകളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍റേറ്റാണിത്. അതുകൊണ്ട് അടുത്ത മത്സരത്തില്‍ പഞ്ചാബിന് ജയിച്ചേ മതിയാകൂ. ഹൈദരാബാദിന്റെ പ്രകടനവും പഞ്ചാബിന്റെ കാര്യത്തില്‍ പ്രധാനമാണ്.

വിജയവഴിയിലേക്ക് തിരിച്ചുവന്നിരിക്കുന്ന രാജസ്ഥന് ഇനിയുള്ള മത്സരം വന്‍മാര്‍ജിനില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. 0.377 ആണ് അവരുടെ റണ്‍റേറ്റ്. അതിനാല്‍ മറ്റ് ടീമുകള്‍ തോല്‍ക്കേണ്ടത് അവര്‍ക്ക് ആവശ്യവുമാണ്. 14 പോയിന്റ് അവര്‍ നേടുകയും, പഞ്ചാബോ ഹൈദരാബാദോ ആയി പോയിന്റില്‍ ടൈ ആവുകയോ ചെയ്താലും രാജസ്ഥാന്‍ പുറത്താവും.

LEAVE A REPLY

Please enter your comment!
Please enter your name here