കാസർകോട്: (www.mediavisionnews.in) നാട്ടിൻ പുറത്തെ പയ്യൻ മുള കൊണ്ടുള്ള കമ്പിൽ പിടിച്ച് പോൾവോൾട്ട് ചാടുന്നു. ഉപ്പള മൂസോടി സ്വദേശിയായ 13 വയസ്സുകാരൻ മുഹമ്മദ് അഫ്സൽ മുളങ്കമ്പിൽ കുത്തിച്ചാടിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് അതിവേഗത്തിൽ. വിഡിയോ കണ്ട കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി അധികൃതർ അഫ്സലിന്റെ തുടർപരിശീലനം ഏറ്റെടുത്തു.
ഉപ്പള കടപ്പുറത്ത് വോളിബോൾ കളിക്കുന്നത് കണ്ടുനിന്ന ഒരാളാണ് സമീപത്തായി അഫ്സൽ പോൾവോൾട്ട് ചാടുന്ന ദൃശ്യങ്ങൾ പകർത്തിയത്. ഇക്കാര്യത്തിൽ പരിശീലനമോ മുൻപരിചയമോ ഒന്നും അഫ്സലിനില്ല. ഉപ്പയ്ക്കോ ഉമ്മയ്ക്കോ സഹോദരങ്ങൾക്കോ പോലും അറിയില്ലായിരുന്നു അഫ്സലിന്റെ ഈ മിടുക്ക്. ഉപ്പള ഗവ. ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് അഫ്സൽ. ഉപ്പള മൂസോടി സ്വദേശി മുഹമ്മദ് ഹനീഫയുടെയും ജമീലയുടെയും അഞ്ചുമക്കളിൽ രണ്ടാമൻ. വലിയ പോൾവോൾട്ട് താരമാകണമെന്നാണ് അഫ്സലിന്റെ ആഗ്രഹം.
കടൽക്ഷോഭത്തില‍് വീട് തകർന്ന് ഇപ്പോൾ മൂസോടിയിലെ ഒറ്റമുറി വീട്ടിലാണ് അഫ്സലിന്റെ കുടുംബം താമസിക്കുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി ഏറ്റെടുത്ത് പരിശീലനം നൽകുമെന്ന വാഗ്ദാനം വലിയ പ്രതീക്ഷയോടെയാണ് അഫ്സൽ കാത്തിരിക്കുന്നത്. ബിൽഡ് അപ് കാസർകോട് സംഘടനയും മംഗൽപ്പാടി ജനകീയ വേദിയുമാണ് അഫ്സലിന് പ്രോത്സാഹനമായി ഒപ്പമുണ്ട്.Advertisement