കാസര്‍ഗോഡ്‌- മംഗളൂരു ദേശീയപാതയില്‍ തൊക്കോട്ടുള്ള അപകടക്കവല അടച്ചു

0
207

മംഗളൂരു : കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് നീളുന്ന ദേശീയപാത 66-ൽ തൊക്കോട്ട് മേൽപ്പാലത്തിനടുത്തുള്ള നാൽക്കവല പോലീസ് അടച്ചു. കഴിഞ്ഞദിവസം നവദമ്പതിമാർ ബൈക്കപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ഈ അപകടക്കവല പോലീസ് അടച്ചത്. മുമ്പും ഈ നാൽക്കവലയിൽ അപകടം നടന്നിരുന്നു.

ദേശീയപാത 66-ലെ പ്രധാന കവലയാണിത്. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് വരുമ്പോൾ ഈയിടെ പണിപൂർത്തിയായ തൊക്കോട്ട് മേൽപ്പാലത്തിന്റെ ആരംഭത്തിലാണ് ഈ അപകടക്കവല.

ദേശീയ പാതയിൽനിന്ന് ഉള്ളാൾ ഭാഗത്തേക്ക് പോകുന്ന റോഡും തൊക്കോട്ടെ പ്രാദേശിക റോഡും സംഗമിക്കുന്ന നാൽക്കവലയാണിത്. ദേശീയ പാതയിൽ വരുന്ന വാഹനഡ്രൈവർമാർക്ക് ഈ നാൽക്കവല ശ്രദ്ധയിൽപ്പെടാറില്ല എന്നതാണ് വാസ്തവം. കഴിഞ്ഞദിവസം ട്രക്കറിൽ ബൈക്കിടിച്ച് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി ജീവനക്കാരായ ദമ്പതിമാർ മരിച്ചതും ഇതേ സ്ഥലത്തായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി ജീവനക്കാരായ റയാൻ ഫെർണാണ്ടസ്, ഭാര്യ പ്രിയ ഫെർണാണ്ടസ് എന്നിവരാണ് മരിച്ചത്. മംഗളൂരുവിൽനിന്ന് ഇരുവരും ബൈക്കിൽ വരവെ മേൽപ്പാലം കടന്ന് ഉള്ളാൾ ഭാഗത്തേക്ക് തിരിയുമ്പോൾ കാസർകോട് ഭാഗത്തുനിന്നുവന്ന ട്രക്കിടിച്ചാണ് അപകടം. അപകടത്തെത്തുടർന്ന് മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ വികാസ് കുമാർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. കമ്മിഷണറുടെ നിർദേശത്തെത്തുടർന്നാണ് അപകടങ്ങൾ പതിവായ ദേശീയപാതയിലെ ഈ നാൽക്കവല അടയ്ക്കാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here