കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയോട് മന്ത്രി കെ ടിജലീൽ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് (ഇ.ഡി) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ യു എ ഇ കോൺസൽ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാൻ സഹായിക്കണമെന്നായിരുന്നു ഒരാവശ്യം.
ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. കേന്ദ്ര സർക്കാരിനെ അറിയിക്കാതെ എന്തിനാണ് പ്രവാസി മലയാളിയെ നാടു കടത്താൻ ശ്രമിച്ചതെന്നാണ് അന്വേഷിക്കുന്നത്. അലാവുദീൻ എന്നയാൾക്ക് കോൺസുലേറ്റിൽ ജോലിക്ക് ജലീൽ ശ്രമിച്ചതായാണ് സ്വപ്നയുടെ രണ്ടാമത്തെ വെളിപ്പെടുത്തൽ. ഇതിനെക്കുറിച്ച് ജലീലിനെ വിളിച്ചു വരുത്തി ചോദിക്കും.
അതേസമയം, എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്തിരുന്ന സമയത്ത് സ്വപ്നയ്ക്കെതിരെ ക്രിമിനൽ കേസുണ്ടെന്നു ശിവശങ്കറിന് അറിയാമായിരുന്നതായി സരിത്ത് ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നു. എന്നാൽ സ്വർണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നും സരിത്ത് വ്യക്തമാക്കി.