തദ്ദേശ സ്ഥാപനങ്ങള്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

0
199

തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പൊലീസ് സുരക്ഷ തീരുമാനിക്കാന്‍ മറ്റന്നാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും.

കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ആ പശ്ചാത്തലത്തിലാണ് നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതിനാവശ്യമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഡിസംബര്‍ 11ന് മുന്നോടിയായി തന്നെ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തേക്കും.

പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി വേണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ തീരുമാനമുണ്ടാകും. സംസ്ഥാനപൊലീസ് മേധാവി ലോക്‍നാഥ് ബഹ്റയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മീല്‍ മറ്റന്നാള്‍ രാവിലെ പതിനൊന്ന് മണിക്ക് കൂടിക്കാഴ്ച നടത്തും. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് കമ്മീഷന്‍ ഉണ്ടെങ്കിലും ഡിജിപിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here