ച്യവനപ്രാശം മുതല്‍ അശ്വഗന്ധ വരെ; കോവിഡ് ചികിത്സയ്ക്ക് ആയുര്‍വേദ പ്രോട്ടോക്കോളുമായി കേന്ദ്രം

0
438

ന്യൂഡല്‍ഹി:  ആയുര്‍വേദത്തിലൂടെയും യോഗയിലൂടെയുമുള്ള കോവിഡ് 19 ചികിത്സാ നടപടിക്രമം ആയുഷ് മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്. 

കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ആയുര്‍വേദത്തിനും യോഗയ്ക്കും കഴിയുമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ്, തൊണ്ട വേദന, തളര്‍ച്ച, ശ്വാസംമുട്ട്, പനി, തലവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നടപടിക്രമം തയ്യാറാക്കിയിരിക്കുന്നത്. അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, സിതോപലാദി ചൂര്‍ണം തുടങ്ങിയവയാണ് ചികിത്സാക്രമത്തിൽ പറഞ്ഞിരിക്കുന്ന ഔഷധങ്ങളിലും മിശ്രിതങ്ങളിലും ചിലത്. ചികിത്സാക്രമത്തിൽ ശുപാര്‍ശ ചെയ്തിരിക്കുന്ന മരുന്നുകള്‍ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ. 

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വസന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാന്‍ ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് രോഗികളോട് നിര്‍ദേശിക്കാമെന്നും നടപടിക്രമത്തിൽ പറയുന്നു.

വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്തായാലും എല്ലാവരും ആയുര്‍വേദത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് നടപടിക്രമം പുറത്തിറക്കവേ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ക്ലിനിക്കല്‍ പഠനങ്ങളുടെയും ഐ.സി.എം.ആര്‍., സി.എസ്.ഐ.ആര്‍. എന്നിവയുമായി യോജിച്ചു കൊണ്ടുമാണ് നടപടിക്രമം രൂപപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. 

പുതിയ ആയുര്‍വേദ പ്രോട്ടോക്കോളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളില്‍ ചിലത് 

കോവിഡിന്റെ ലഘുവായ ലക്ഷണങ്ങള്‍ക്ക്:

  • മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ക്കൊള്ളുക
  • ത്രിഫല ചേര്‍ത്ത് വെള്ളം തിളപ്പിച്ച് വായില്‍ക്കൊള്ളുകയുമാകാം
  • ചൂടുവെള്ളം കുടിക്കുക, വെറും വെള്ളമോ ഇഞ്ചി, മല്ലി, ജീരകം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളവും കുടിക്കാം

ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്: 

  • പനി, ശരീരവേദന, തലവേദന- നാഗരാദി കഷായം 20 മില്ലി വീതം ദിവസം രണ്ടുനേരം
  • ചുമയ്ക്ക് സിതാപലാദി ചൂര്‍ണം തേനില്‍ ചേര്‍ത്ത് ദിവസം മൂന്നുനേരം
  • നാവിന് രുചിയില്ലായ്മ, തൊണ്ടവേദന- വ്യോഷാദി വടി ഒന്നോ രണ്ടോ ഗുളിക ചവയ്ക്കുക
  • തളര്‍ച്ചയക്ക്- 10 ഗ്രാം ച്യവനപ്രാശം ചൂടുവെള്ളത്തിനോ പാലിനോ ഒപ്പം ദിവസം ഒരുനേരം കഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here