തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് 24 മണിക്കൂര്‍ തികക്കുന്നതിന് മുമ്പേ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
ആഘോഷപൂര്‍വ്വം മിഥുനെ വരവേറ്റ ബിജെപിയാണ് ഇപ്പോള്‍ വെട്ടിലായത്.
പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായത്. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കണം. മാനസിക സമ്മര്‍ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചത്. സംസാരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നുമാണ് മിഥുന്റെ പ്രതികരണം.
കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. ചിറയിന്‍കീഴ് നിയോജക മണ്ഡലം, മുദാക്കല്‍ പഞ്ചായത്ത് സ്വദേശിയായ മിഥുന് സ്വീകരണം നല്‍കുന്ന വീഡിയോ ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു.
എന്നാല്‍ ബിജെപിയിലെത്തി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മിഥുന്‍ തന്റെ പഴയ പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ബിജെപി പ്രതീക്ഷിക്കാത്തതായിരുന്നു.
മിഥുന്‍ ബിജെപിയിലെത്തിയത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ മിഥുന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തോതില്‍ പ്രചരിപ്പിച്ച് വരവേയാണ് മിഥുന്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയത്.